നേതൃമാറ്റം ആലോചിക്കുന്നില്ല; കെ സുധാകരന് പിന്തുണയുമായി താരിഖ് അൻവർ

ന്യൂഡൽഹി: കേരളത്തിൽ നേതൃമാറ്റം ആലോചിക്കുന്നുണ്ടെയെന്ന ചോദ്യത്തിന് മറുപടിയുമായി കോൺഗ്രസ് ദേശീയ നേതൃത്വം. സംസ്ഥാനത്ത് കോൺഗ്രസ് നേതൃമാറ്റത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

എഐസിസി ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവുമായ താരീഖ് അൻവറാണ് ഇക്കാര്യം അറിയിച്ചത്. കേസുകളുമായി ബന്ധപ്പെട്ട് കെ സുധാകരനും വി ഡി സതീശനും ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിക്ക് കേരളത്തിലെ രാഷ്ട്രീയമറിയാമെന്നും കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നും നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.

അതേസമയം, കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വരുമാന സ്രോതസുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നത്.

കെ സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി വിജിലൻസ് സ്‌കൂൾ പ്രിൻസിപ്പലിന് നോട്ടീസ് അയക്കുകയും ചെയ്തു. കെ സുധാകരന്റെ മുൻ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബുവാണ് ഇത് സംബന്ധിച്ച പരാതി വിജിലൻസിന് നൽകിയത്. കണ്ണൂരിൽ ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നടക്കം വൻ തോതിൽ സുധാകരൻ പണം പിരിച്ചിരുന്നു. ഇതിൽ വലിയ തോതിൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

തന്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യയ്ക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.