തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി വീണ്ടും അഴിമതി ആരോപണം ഉന്നയിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയ ലാപ്ടോപ്പുകളിലും അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മൂന്നിരട്ടി വിലയ്ക്കാണ് ലാപ്ടോപ്പുകൾ വാങ്ങിയത്. അഴിമതിയ്ക്ക് പിന്നിൽ എസ്ആർഐടിയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
57000 രൂപ വില മാത്രമാണ് കരാറിൽ പറയുന്ന സവിശേഷതകളുള്ള ലാപ്ടോപ്പിന് നിലവിൽ ഉള്ളത്. എന്നാൽ ലാപ്‌ടോപ്പ് വാങ്ങിയിരിക്കുന്നത് 140000 രൂപയ്ക്കാണെന്ന് അദ്ദേഹം ആരോപിച്ചു. 358 ലാപ്ടോപ്പുകളാണ് ആകെ വാങ്ങിയിരിക്കുന്നത്. രണ്ട് കോടി രൂപയ്ക്കുള്ളിൽ ചെലവ് വരുന്ന പദ്ധതിയ്ക്കായി നിലവിൽ അഞ്ച് കോടി രൂപയിലുമധികം ചെലവായി. മൂന്നിരട്ടി വിലയ്ക്കാണ് ലാപ്ടോപ്പുകൾ വാങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് എ.ഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത് സേഫ് കേരള പദ്ധതിയുടെ ഭാഗമായിട്ടാണ്. ഈ ക്യാമറകളുടെ പ്രവർത്തനത്തിന് അനുബന്ധമായി ലാപ്ടോപ്പുകളും വാങ്ങിയിരുന്നു. ഈ ലാപ്ടോപ്പുകളിൽ അഴിമതി ആരോപണം ഉന്നയിച്ചാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

