എതിർദിശയിൽ വന്ന ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 10 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഭുവനേശ്വർ: ഒഡീഷയിൽ വാഹനാപകടം. എതിർദിശയിൽ വന്ന ബസുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 10 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒഡീഷയിലെ ഗഞ്ജം ജില്ലയിലാണ് സംഭവം. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.

ബെർഹാംപൂരിൽ ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്വകാര്യ ബസും റായഗഡ ജില്ലിലെ ഗുഡാരി എന്ന സ്ഥലത്ത് നിന്നും മടങ്ങിവരികയായിരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ബസുമാണ് കൂട്ടിയിടിച്ചത്. മരണപ്പെട്ടവരിൽ 10 പേരും സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്നവരാണ്. അപകട വിവരം അറഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാ സേനയും പൊലീസും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആറുപേരെ എംകെസിജി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഒരാളെ കട്ടക്കിൽ എസ്സിജി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം, ബസ് അപകടത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ദു:ഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.