ഫോൺ ഉപയോഗം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച ജയിൽ ഉദ്യോഗസ്ഥനെ മർദ്ദിച്ച് ആകാശ് തില്ലങ്കരി

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ മർദ്ദിച്ച് സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി ആകാശ് തില്ലങ്കരി. ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെയാണ് ഇയാൾ ജയിലിലെ ഉദ്യോഗസ്ഥനെ മർദ്ദിച്ചത്.

അസിസ്റ്റന്റ് ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി വിയ്യൂർ പോലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. ജയിലിലെ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ആകാശ് തില്ലങ്കേരി ജയിലറെ മർദ്ദിക്കുന്നത്. രാഹുലിന്റെ തല ആകാശ് ചുമരിൽ ഇടിപ്പിച്ചു. പരിക്കേറ്റ രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശുഹൈബ് വധക്കേസിൽ ഉൾപ്പെടെ പ്രതിയാണ് ആകാശ് തില്ലങ്കേരി. അക്രമത്തിന് പിന്നാലെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് അതിസുരക്ഷാ ജയിലിലേക്ക് ആകാശിനെ മാറ്റിയിട്ടുണ്ട്. നേരത്തെ ജയിൽ ഉദ്യോഗസ്ഥരെ ആകാശ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സെല്ലിലെ ഫാൻ പ്രവർത്തിക്കുന്നില്ലെന്നും ഇത് പരിഹരിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇയാൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം.