ബിരുദ-പിജി തലങ്ങളിൽ പ്രാചീന ഭാരതത്തിലെ ആശയങ്ങൾ ഇനി നിർബന്ധമായി പഠിക്കണം; മാർഗരേഖ പ്രസിദ്ധീകരിച്ച് യുജിസി

ന്യൂഡൽഹി: ബിരുദ-പിജി തലങ്ങളിൽ പ്രാചീന ഭാരതത്തിലെ ആശയങ്ങൾ ഇനി നിർബന്ധമായി പഠിക്കണം. ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വേദ സങ്കൽപങ്ങൾ മുതൽ പ്ലാസ്റ്റിക് സർജറി സംബന്ധിച്ച പ്രാചീന ഭാരതത്തിലെ ആശയങ്ങൾ വരെ ബിരുദപിജി തലങ്ങളിൽ ഇനി നിർബന്ധമായി പഠിക്കേണ്ടതുണ്ട്.

ഇതുസംബന്ധിച്ച മാർഗരേഖ യുജിസി പ്രസിദ്ധീകരിച്ചു. ഇന്ത്യൻ നോളജ് സിസ്റ്റവുമായി (ഐകെഎസ്) ബന്ധപ്പെട്ട വിഷയങ്ങൾ യുജിപിജി തലത്തിൽ നിർബന്ധമാക്കിയാണ് യുജിസി മാർഗരേഖ പ്രസിദ്ധീകരിച്ചത്. ഡിഗ്രിക്ക് ആകെ ക്രെഡിറ്റിന്റെ 5% ഇത്തരം കോഴ്‌സുകൾക്കാണ്. ഇലക്ടീവ് കോഴ്‌സുകളിൽ നിശ്ചിത ശതമാനം കോഴ്‌സുകൾ ഈ വിഭാഗത്തിൽനിന്നാകണമെന്നും നിർദ്ദേശമുണ്ട്.

ഇന്ത്യയുടെ ഭൂമിശാസ്ത്ര പ്രത്യേകതകൾ, രാമായണവും മഹാഭാരതവും അവയുടെ പ്രധാന പ്രാദേശികഭേദങ്ങളും, പുരാണങ്ങൾ, ഇന്ത്യൻ തത്വചിന്ത, വേദകാലഘട്ടം മുതൽ വിവിധ പ്രദേശങ്ങളിലെ ഭക്തി പാരമ്പര്യങ്ങൾ തുടങ്ങിയവ വിവിധ വിഷയങ്ങളിൽ കോഴ്‌സുകളായി വാഗ്ദാനം ചെയ്യാമെന്നാണ് യുജിസി നിർദ്ദേശം. എംബിബിഎസ് വിദ്യാർഥികൾ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ പഠിക്കണം. ഒന്നാം വർഷം ആയുർവേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയെക്കുറിച്ച് അടിസ്ഥാന ധാരണയുണ്ടാക്കണം. രണ്ടാം വർഷം ഇതിന്റെ തിയറി, പ്രാക്ടിക്കൽ കോഴ്‌സുകൾ പഠിക്കണം.

പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെട്ടു പൗരാണിക ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും കോഴ്‌സുകളുണ്ട്. ബിഎസ്സി മാത്സ് വിദ്യാർഥി വേദങ്ങളിലെ അക്കങ്ങൾ, ജ്യോമെട്രി എന്നിവയുമായി ബന്ധപ്പെട്ട ഐകെഎസ് കോഴ്‌സും പഠിക്കണം. എംഎ ഹിസ്റ്ററി വിദ്യാർഥി ചരിത്രവുമായി ബന്ധപ്പെട്ട ഐകെഎസ് കോഴ്‌സ് തിരഞ്ഞെടുക്കണമെന്നും യുജിസി വ്യക്തമാക്കി.