ഹജ്ജ്; ഇത്തവണ ഒരുക്കിയിരിക്കുന്നത് മികച്ച ആതുരസേവന സംവിധാനങ്ങൾ

റിയാദ്: ഇത്തവണ ഹജ്ജിന് ഒരുക്കിയിരിക്കുന്നത് മികച്ച ആതുരസേവന സംവിധാനങ്ങൾ. ഇന്ത്യൻ ഹജ്ജ് മിഷന് കിഴിലും വിപുലമായ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. 335 പേരാണ് ഇന്ത്യയിൽ നിന്നെത്തിയ ആതുര ശുശ്രൂഷാ സംഘത്തിലുള്ളത്. 170 ഡോക്ടർമാരും 165 പാരാ മെഡിക്കൽ ജീവനക്കാരും ഇതിൽ ഉൾപ്പെടും. സൗദി ആരോഗ്ര്യ മന്ത്രാലയത്തിന്റെ ഉന്നത നിലവാരം പുലർത്തുന്ന നാല് ആശുപത്രികളും മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ സജ്ജമാക്കിയിട്ടുണ്ട്.

40, 30, 20 എന്നിങ്ങനെ കിടക്കകളുള്ള മൂന്ന് ആശുപത്രികൾ അസീസിയയിലും 10 കിടക്കയുള്ള ആശുപത്രി നസീമിലും സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. ഇതിൽ 20 കിടക്കകളുള്ള ആശുപത്രി പൂർണമായും സ്ത്രീകൾക്ക് വേണ്ടി മാത്രമായുള്ളതാണ്. വിവിധ ഭാഗങ്ങളിലായി 14 ഡിസ്‌പെൻസറികളുമുണ്ട്. സ്‌കാനിങ്, എക്‌സ്-റേ, ലബോറട്ടറികൾ തുടങ്ങിയവ ഉൾപ്പെടുന്ന മികച്ച സേവനങ്ങൾ ഹാജിമാർക്ക് ലഭ്യമാകും. നിരവധി മലയാളി ഡോക്ടർമാരും ഇവിടെ സേവനം നൽകും.

ഹാജിമാരുടെ ആരോഗ്യ വിവരങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കാനുള്ള സൗകര്യവും ഹജ്ജ് മിഷൻ സജ്ജമാക്കി. ഹാജിമാർക്കുള്ള ഏത് അസുഖത്തിനും സൗജന്യ ചികിത്സയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഡയാലിസിസ് ആവശ്യമുള്ള രോഗികൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിൽ സൗജന്യമായി ഡയാലിസിസ് നടത്താനുള്ള സൗകര്യവും ലഭ്യമാണ്. മിനായിലും അറഫയിലും ഹജ്ജ് മിഷന് കീഴിൽ മെഡിക്കൽ സേവനം നൽകാൻ പ്രത്യേക ആശുപത്രിയും തയ്യാറാക്കുന്നതാണ്. സ്വകാര്യ ഗ്രൂപ്പുകളിൽ എത്തുന്ന ഹാജിമാർക്കും ഹജ്ജ് മിഷൻ ഒരുക്കുന്ന സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം.