കെ സുധാകരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നിൽ ഒരു കോൺഗ്രസ് നേതാവ്; വെളിപ്പെടുത്തലുമായി എ കെ ബാലൻ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നിൽ ഒരു കോൺഗ്രസ് നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. പരാതിക്കാരിൽ ചിലർ ഈ കോൺഗ്രസ് നേതാവുമായി ബന്ധമുള്ളവരാണ്. സിപിഎം ബന്ധമുള്ള പരാതിക്കാരനെ മാറ്റിനിർത്തി മറ്റുള്ളവരുടെ രാഷ്ട്രീയം നോക്കിയാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിലെ ഉൾപ്പാർട്ടി പോരാണ് തട്ടിപ്പ് കേസ് വീണ്ടും സജീവമാക്കിയതിന് പിന്നിലുള്ളത്. കോൺഗ്രസിലെ ഗ്രൂപ്പുകൾ നേരത്തെ കെ സുധാകരന് മുന്നറിയിപ്പ് നൽകിയത് ഓർമിക്കണം. അഞ്ച് നേതാക്കളാണ് കോൺഗ്രസിൽ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച് നടക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ കേസിനു പിന്നിലും കോൺഗ്രസ്സുകാരാണെന്നും എ കെ ബാലൻ അഭിപ്രായപ്പെട്ടു.

ഇപ്പോൾ സുധാകരന് കിട്ടുന്ന പാർട്ടി പിന്തുണ വെറും നമ്പർ മാത്രമാണ്. കേസുകൾക്ക് പിന്നിലെ കോൺഗ്രസ് നേതാവിന്റെ വിവരം വൈകാതെ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം എ കെ ബാലന്റെ പരാമർശത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ രംഗത്തെത്തി. അൽപ്പത്തരമാണ് എകെ ബാലൻ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന് വേണ്ടി ചുമത്തിയ കള്ളക്കേസാണ് സുധാകരനെതിരായ തട്ടിപ്പ് കേസ്. അച്യുതാനന്ദനെ വെട്ടി കസേരയിൽ കയറി ഇരിക്കുന്നവരാണ് ഇപ്പോൾ ഇത് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.

കെ സുധാകരനെ മാർക്‌സിസ്റ്റ് പാർട്ടിക്ക് ഇട്ടുകൊടുക്കാൻ തയ്യാറല്ല. പുറകിൽ നിന്ന് കുത്തുന്ന പാർട്ടിക്കാർ തങ്ങളല്ല. അത് മാർക്‌സിസ്റ്റ് പാർട്ടിയുടെ പാരമ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.