പങ്കെടുത്തത് 135 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ: ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെ അന്താരാഷ്ട്ര യോഗ ദിനാചരണം

ന്യൂയോർക്ക്: ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം. ഏറ്റവും അധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോർഡാണ് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം കരസ്ഥമാക്കിയത്. 135 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഐക്യരാഷ്ട്ര സഭയുടെ ന്യൂയോർക്കിലെ ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണത്തിൽ പങ്കാളികളായി.

യോഗ ഇന്ത്യയുടെ സംഭാവനയാണെന്നും ജീവിതത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നു. ഇന്ത്യ മുന്നോട്ട് വെച്ച യോഗ ദിന ആശയം വിജയിപ്പിക്കാൻ ഒരിക്കൽ കൂടി ലോകം ഒരേ മനസോടെ മുന്നോട്ട് വന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആളുകളാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ പരമ്പരാഗത രീതിയാണ് യോഗ. ലോകം യോഗയ്ക്കായി ഒന്നാകുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ലോകത്തെവിടെയും ഏതു പ്രായത്തിലുള്ളവർക്കും ആരോഗ്യസ്ഥിതിയുള്ളവർക്കും യോഗ ഏറ്റെടുക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗാ ദിനാഘോഷത്തിനായി ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെത്തിയ എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ഒൻപത് വർഷം മുൻപ് താൻ ഈ നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ച ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിന് പിന്തുണ ലഭിച്ചു. 2020 ൽ താൻ യുഎന്നിന്റെ ആസ്ഥാനത്ത് പുതിയ മെമോറിയൽ സ്ഥാപിക്കണമെന്ന് താൻ ആവശ്യപ്പെട്ടു. അതും യാഥാർത്ഥ്യമായി. എല്ലാ രാജ്യങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ഈ കാര്യത്തിൽ ലഭിച്ചത്. ഇക്കാര്യത്തിൽ നന്ദി രേഖപ്പെടുത്തുന്നു. നല്ല ആരോഗ്യം മാത്രമല്ല നമ്മളോടും മറ്റുള്ളവരോടും അനുകമ്പയുള്ള മനസുണ്ടാകാനും യോഗയിലൂടെ കഴിയുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.