വ്യാജരേഖാ കേസ്; വിദ്യയെ പിടികൂടിയത് പൊലീസിന്റെ നാടകമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വ്യാജരേഖാ കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസിൽ തെളിവ് നശിപ്പിക്കാനുള്ള എല്ലാ അവസരവും വിദ്യക്ക് പൊലീസ് നൽകിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ പാർട്ടി നേതാക്കളുടെ അനുവാദത്തോടെയുള്ള അറസ്റ്റാണ് വിദ്യയുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യയെ പിടികൂടിയത് പൊലീസിന്റെ നാടകമാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലം വിദ്യയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് പറയുന്നത് അപമാനകരമാണ്. ഇപ്പോൾ ജനവികാരം എതിരാകുന്നുവെന്ന് കണ്ടപ്പോഴാണ് പ്രതിയെ പിടികൂടിയത്. കേരളാ പൊലീസിന് വേണമെന്ന് വെച്ചാൽ പത്ത് മിനിറ്റിൽ ഇത്തരം കേസിൽ പ്രതിയെ പിടികൂടാൻ കഴിയും. അത് തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ്. വിദ്യക്കെതിരായ കേസിൽ ടവർ ലൊക്കേഷൻ പോലും നോക്കാതെ പാർട്ടി നേതാക്കൾ പറഞ്ഞത് കൊണ്ട് പൊലീസ് പ്രതിയെ പിടികൂടാതെ നിന്നതാണ്. പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതും ഒരുക്കിയിട്ടാണ് അറസ്റ്റ് നടന്നിട്ടുള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഇക്കാര്യത്തിൽ പൊലീസിന് ഒരു ന്യായീകരണവും പറയാനില്ല. വിദ്യയെ രക്ഷിക്കാനുള്ള ആസൂത്രിത നാടകമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.