ഉഷ്ണ തരംഗം; വരാനിരിക്കുന്നത് മഹാദുരന്തമാണെന്ന മുന്നറിയിപ്പുമായി ഗവേഷകർ

ന്യൂഡൽഹി: ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട്ട് പുറത്ത്. ഉഷ്ണതരംഗങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ഏറെ ആശങ്കയോടെയാണ് ഇതിനെ ശാസ്ത്രജ്ഞർ വീക്ഷിക്കുന്നത്. ഇന്ത്യയുടെ വടക്കൻ മേഖലയിലെ പർവ്വതനിരയായ ഹിന്ദുകുഷ് ഹിമാലയത്തിലെ മഞ്ഞാണ് ആശങ്കയ്ക്ക് കാരണം. നേരത്തെ തന്നെ ഹിമാലയത്തിലെ മഞ്ഞ് കുറയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഉഷ്ണതരംഗം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് പ്രവേശിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്.

ഹിമാലയത്തിൽ മഞ്ഞുരുകിയാൽ പർവ്വത ശിഖിരങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന നദികളിൽ ജലനിരപ്പ് ഉയരുകയും ഇത് താഴ്‌വാരങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യും. ഇതാണ് ആശങ്ക ഉയർത്തുന്നത്. മണ്ണിടിച്ചിലും വർദ്ധിക്കും. ഹിന്ദു കുഷ് ഹിമാലയിലുടനീളം 200 ഹിമാനി തടാകങ്ങൾ അപകട നിലയിലാണ്. 2011 മുതൽ 2020 വരെയുള്ള കാലയളവിൽ മുൻ ദശകത്തെ അപേക്ഷിച്ച് ഹിമാനികൾ 65 % വേഗത്തിൽ ഉരുകുകയും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 80% നഷ്ടപ്പെടുകയും ചെയ്യാമെന്ന് ഇൻറർനാഷണൽ സെന്റർ ഫോർ ഇൻറഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റിന്റെ ഏറ്റവും പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു.

ഹിമാലയത്തിൻ പർവ്വത ശിഖിരത്തിൽ നിന്നും 16 രാജ്യങ്ങളിലൂടെ ഒഴുകുന്ന 12 നദികളിലെ ശുദ്ധജല ലഭ്യത ഗണ്യമായി കുറയ്ക്കാൻ ഇത് കാരണമാകുമെന്നും പഠനം പറയുന്നു. ഹിമം നിറഞ്ഞ മലനിരകളിൽ നിന്നും മഞ്ഞ് ഉരുകുമ്പോൾ ബലം കുറഞ്ഞ മണ്ണ് മലമുകളിൽ നിന്നും വെള്ളത്തോടൊപ്പം കുത്തിയൊഴുകി താഴ്‌വാരത്തേക്ക് നീങ്ങും. ഇത് ശുദ്ധജല ലഭ്യതയെയും കൃഷിയെയും കോടിക്കണക്കിന് മനുഷ്യരെയും നേരിട്ട് ബാധിക്കും. ഇതിന് പുറമെയാണ് ഹിമാനി തടാകങ്ങൾ ഉയർത്തുന്ന ഭീഷണിയെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.