ഡെങ്കിപ്പനി; ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ…..

മഴക്കാലം തുടങ്ങിയാൽ പടർന്നുപിടിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് ഈജിപ്തി എന്ന ഇനത്തിൽ പെടുന്ന കൊതുകുകളാണ് പ്രധാനമായും ഡെങ്കി പരത്തുന്നത്. പെട്ടെന്നുളള കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകൾക്ക് പിറകിൽ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാം പനി പോലെ നെഞ്ചിലും മുഖങ്ങളിലും തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

പകൽ നേരങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തിൽ മുട്ടയിടുന്ന ഈ കൊതുകുകളുടെ പ്രജനനം തടയാൻ നാം ശ്രദ്ധിക്കണം. ഈഡിസ് കൊതുകകൾ സാധാരണ മുട്ടയിട്ട് വളരുന്ന ചിരട്ട, ടയർ, കുപ്പി, ഉരകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങൾ, വെളളം കെട്ടി നിൽക്കാവുന്ന മറ്റു സാധനങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ സംസ്‌ക്കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യുക. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയിൽ വെക്കുന്ന പാത്രം, പൂക്കൾ / ചെടികൾ എന്നിവ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയിൽ നിന്നും ആഴ്ചയിലൊരിക്കൽ വെളളം ഊറ്റിക്കളയുക.

ജലം സംഭരിച്ചുവെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമെന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെക്കുക. ഇതിനായി അടപ്പുകളോ, കൊതുക് വലയോ അല്ലെങ്കിൽ സാധാരണ തുണിയോ മറ്റോ ഉപയോഗിക്കാം. ഇവയിലെ വെളളം ആഴ്ചയിലൊരിക്കൽ ചോർത്തിക്കളഞ്ഞ് ഉൾവശം ഉരച്ചുകഴുകി ഉണക്കിയശേഷം വീണ്ടും നിറയ്ക്കുക. മരപ്പൊത്തുകൾ മണ്ണിട്ടുമൂടുക. വാഴപ്പോളകളിലും പൈനാപ്പിൾ ചെടിയുടെ പോളകളിലും വെളളംകെട്ടി കിടക്കാൻ അനുവദിക്കരുത്. റബ്ബർ തോട്ടങ്ങളിൽ റബ്ബർ പാൽ ശേഖരിക്കുവാൻ വെച്ച ചിരട്ട / കപ്പ് എന്നിവ കമിഴ്ത്തി വെക്കുക. അടയ്ക്ക തോട്ടങ്ങളിലെ പാള വെളളം കെട്ടി നിൽക്കാതെ മുറിച്ച് കളയുകയോ കത്തിക്കുകയോ ചെയ്യുക.

ടയർ ഡിപ്പോയിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകൾ വെളളം വീഴാത്ത സ്ഥലത്തേക്ക് മാറ്റിവെക്കുക. ഉപയോഗശൂന്യമായ ടയറുകളിൽ സുഷിരങ്ങളിട്ടോ മണ്ണിട്ടു നിറച്ചോ വെളളം കെട്ടി നിൽക്കാതെ നോക്കുക. ടാർപോളിൻ, പ്ലാസ്റ്റിക് ഷീറ്റുകൾ, ടെറസ്, സൺഷേഡ് എന്നിവിടങ്ങളിൽ വെളളംകെട്ടി നിൽക്കൻ അനുവദിക്കരുത്. വീടിന്റെ പരിസരത്തും, പുരയിടങ്ങളിലും കാണുന്ന കുഴികൾ മണ്ണിട്ടു മൂടുക. അല്ലെങ്കിൽ ചാൽ കീറി വെളളം വറ്റിച്ച് കളയുക.

വീടിന് ചുറ്റും കാണുന്ന പാഴ്ചെടികൾ, ചപ്പ് ചവറുകൾ എന്നിവ നീക്കം ചെയ്യുക. കിണറുകൾ, കുളങ്ങൾ, ടാങ്കുകൾ, ഫൗണ്ടനുകൾ, താൽക്കാലിക ജലാശയങ്ങൾ മുതലായവയിൽ കൂത്താടി ഭോജി മൽസ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗാംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക. കൊതുകിനെ അകറ്റുവാൻ കഴിവുളളലേപനങ്ങൾ ദേഹത്തു പുരട്ടുക.

കൊതുകുകടി ഏൽക്കാതിരിക്കാൻ

*കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
*ശരീരം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
*ജനൽ, വാതിൽ എന്നിവിടങ്ങളിലൂടെ കൊതുക് കടക്കാതെ കൊതുക് വല ഘടിപ്പിക്കുക.
*പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക.