കെഎംഎസ്‌സിഎൽ തീപിടുത്തം; പ്രത്യേക സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കെഎംഎസ്‌സിഎൽ തീപിടുത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം ഏകോപിപ്പിക്കുമെന്നും വീണാ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് വൈറസ് വ്യാപന കാലത്ത് വാങ്ങിയതൊന്നും തീപിടുത്തത്തിൽ കത്തിനശിച്ചിട്ടില്ല. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ അന്വേഷണം നടക്കുകയാണ്. വിഷയത്തിൽ ഡ്രഗ് കൺട്രോളർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചുവെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നതിൽ വർദ്ധന രേഖപ്പെടുത്തിയിയിട്ടുണ്ട്. ആവശ്യമുള്ള പ്രദേശത്ത് പനി വാർഡുകൾ തുറക്കും. അടുത്തമാസം മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.