വരും വർഷങ്ങളിൽ ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായി ഇന്ത്യ മാറും; റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ലോക ഭൂപടത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്ന് റിപ്പോർട്ട്. അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2014 മുതൽ ഇന്ത്യയിൽ വലിയ തോതിലുള്ള മാറ്റങ്ങളുണ്ടായെന്നും വരും വർഷങ്ങളിൽ ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായി മാറുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, 2024 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം സർക്കാർ മാറിയാൽ ഈ പ്രവചനങ്ങൾ മാറിമറിയാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ അടുത്ത ദശകത്തിലെ വളർച്ച 2007-11 വർഷത്തിലെ ചൈനയുടെ വളർച്ചക്ക് സമാനമാകും. ജിഡിപിയും ഉത്പാദന മേഖലയിലെ വളർച്ചയും ഇന്ത്യക്ക് അനുകൂലമാകും. 2013ൽ ഉണ്ടായിരുന്നതിൽ നിന്ന് ഇന്നത്തെ ഇന്ത്യ വ്യത്യസ്തമാണ്. ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയിൽ എത്തി നിൽക്കുകയാണ്. കോർപ്പറേറ്റ് മേഖലയിലെ വളർച്ച സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലാണ്. കയറ്റുമതി വിപണി വിഹിതം 2031 ഓടെ ഇരട്ടിയിലധികമായി 4.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2032 ആകുമ്പോഴേക്കും ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2,200 യുഎസ് ഡോളറിൽ നിന്ന് 5,200 ഡോളറായി ഉയരുമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യ എങ്ങനെ രൂപാന്തരപ്പെട്ടു എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോർപറേറ്റ് നികുതിയിൽ തുല്യത കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിലെ നിക്ഷേപം വർദ്ധിച്ചു. ഒരു ഡസനിലധികം കേന്ദ്ര-സംസ്ഥാന നികുതികളെ ജിഎസ്ടിയുടെ കീഴിലാക്കി ഏകീകൃത നികുതി സംവിധാനം കൊണ്ടുവന്നു. ദേശീയ പാതകൾ, ബ്രോഡ്ബാൻഡ് വരിക്കാർ, പുനരുപയോഗിക്കാവുന്ന വൈദ്യുതി, വൈദ്യുതീകരിച്ച റെയിൽവേ റൂട്ടുകൾ തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ വളർച്ചയുണ്ടായി. ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചു. നിയമം നടപ്പിലാക്കിയതിന് ശേഷം പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.