സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നു; പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സ്‌കൂളുകളിൽ തയ്യാറാക്കിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലാണ് അദ്ദേഹം ഉദ്ഘാടനം നിർവ്വഹിച്ചത്.

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ മാറ്റം പ്രകടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം ഏറെ മാറി. ഏഴ് വർഷം കൊണ്ട് 15 ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി. പാഠപുസ്തകങ്ങളുടെ ഫോട്ടോകോപ്പികൾ എടുത്ത് പഠിക്കേണ്ട അവസ്ഥ കേരളത്തിൽ ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം മാറിയെന്നും ക്ലാസ് മുറികൾ സ്മാർട്ട് ആയതിനാൽ ഓൺലൈൻ ക്ലാസുകൾക്ക് വലിയ പ്രയാസം ഉണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു.

നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവർത്തനമാണ് വിദ്യാഭ്യാസം. മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടത്. അതിനുള്ള ഇടങ്ങളായാണ് നിങ്ങളുടെ അധ്യാപകരും സർക്കാരും വിദ്യാലയങ്ങളെ മാറ്റിയെടുക്കുന്നത്. അറിവിന്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകൾ തുറന്നു വെച്ച് നമ്മുടെ പൊതുവിദ്യാലയങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. നിറഞ്ഞ സന്തോഷത്തോടെയും ഉത്സാഹത്തോടെയും വിദ്യാഭ്യാസജീവിതത്തിനു തുടക്കം കുറിക്കാൻ നിങ്ങൾക്കോരോരുത്തർക്കും സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിക്കുകയും ചെയ്തു.

അതേസമയം, ജില്ലാതലങ്ങളിൽ മന്ത്രിമാരും എംഎൽഎമാരും എംപിമാരുമാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. പ്രവേശനോത്സവ ഗാനത്തിന്റെ വീഡിയോ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിലീസ് ചെയ്തു.