പൊലീസും സംവിധാനവും വിശുദ്ധമല്ലെന്നാണ് ഇന്ത്യയുടെ പെൺകുട്ടികൾ പറയുന്നത്; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഖാർഗെ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. പൊലീസും സംവിധാനവും വിശുദ്ധമല്ലെന്നാണ് ഇന്ത്യയുടെ പെൺകുട്ടികൾ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയിൽ സ്ത്രീകളെ ബഹുമാനിക്കുന്നതിനെ കുറിച്ച് മോദി നീണ്ട പ്രസംഗം നടത്തി. എന്നാൽ ലൈംഗികാതിക്രമം നടത്തിയ കുറ്റവാളിക്ക് സംരക്ഷണം ലഭിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ്ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ സമരം നടത്തുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

മോദിയുടെ അഹങ്കാരം കൊണ്ടാണ് രാജ്യത്തിന്റെ പെൺകുട്ടികൾ തോറ്റതെന്നായിരുന്ന് കോൺഗ്രസ് വ്യക്തമാക്കി. ചരിത്രത്തിൽ ഇതുവരെ ഒരു വനിത ഗുസ്തി താരത്തിന് മാത്രമാണ് ഒളിംപിക്‌സിൽ മെഡൽ നേടാനായിട്ടുള്ളു. അത് സാക്ഷി മാലിക്കിനാണ്. ആ പെൺകുട്ടിയടക്കമാണ് ലൈംഗികാതിക്രമ കേസിലെ പ്രതി ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. ലജ്ജാകരമായ സംഭവമാണ് നടക്കുന്നതെന്നും കോൺഗ്രസ് വിമർശിച്ചു.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ശശി തരൂരും രംഗത്തെത്തി. രാജ്യത്തിന്റെ യശ്ശസ്സ് ഉയർത്തിയ ഗുസ്തി താരങ്ങൾ മെഡലുകൾ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിക്കേണ്ടി വരുന്നത് അതീവ ദുഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് മഹിള കോൺഗ്രസും അറിയിച്ചു.