‘അറിവുള്ളതായി നടിക്കുന്നവരില്‍ ഒരാളാണ് നരേന്ദ്രമോദി’; പരിഹസിച്ച് രാഹുല്‍ ഗാന്ധി

കലിഫോര്‍ണിയ: ‘അറിവുള്ളതായി നടിക്കുന്നവരില്‍ ഒരാളാണ് നരേന്ദ്രമോദിയെന്ന്’ കലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി.

രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍

‘ദൈവത്തോട് പോലും നരേന്ദ്രമോദി, പ്രപഞ്ചം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദീകരിക്കും. ഇത് കേള്‍ക്കുമ്പോള്‍ ദൈവം പോലും, താന്‍ എന്താണ് സൃഷ്ടിച്ചതെന്ന ആശയക്കുഴപ്പത്തിലെത്തും. ചിലര്‍ ശാസ്ത്രജ്ഞര്‍, സൈനികര്‍, ചരിത്രകാരന്‍മാര്‍ തുടങ്ങി എല്ലാവരേയും ഉപദേശിക്കും’. എന്നാല്‍ അവര്‍ക്ക് കാര്യമായ അറിവുണ്ടാകണമെന്നില്ല. ഗുരുനാനാക്, മഹാത്മാ ഗാന്ധി, ബസവേശ്വരന്‍ തുടങ്ങിയവരൊന്നും തനിക്ക് എല്ലാമറിയുമെന്ന് വിചാരിച്ചല്ല കഴിഞ്ഞിരുന്നത്. ലോകം വളരെ വലുതാണെന്ന തിരിച്ചറിവാണ് വേണ്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ ആര്‍എസ്എസും ബിജെപിയുമാണ് നിയന്ത്രിക്കുന്നത്. നിലവില്‍ ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന പൊതുയോഗങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ അവരുടെ നിയന്ത്രണത്തിലായി. അത് ‘ഭാരത് ജോഡോ യാത്ര’ ആരംഭിക്കുന്നതിന് മുന്‍പായി തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ് ജനങ്ങളുമായി, നടന്നുകൊണ്ട് സംവദിച്ചത്. ഇന്ത്യയിലെ രാഷ്ടീയ സാഹചര്യമെന്തെന്നാല്‍ ആളുകളെ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയെന്നതാണ്. ഇതില്‍ രാഷ്ട്രീയപരമായി ഇടപെടുന്നതിന് പരിമിതികളുണ്ട്. അതിനാലാണ് ഇന്തയുടെ തെക്കെയറ്റത്ത് നിന്നും ശ്രീനഗര്‍വരെ കാല്‍നടയായി യാത്ര സംഘിപ്പിച്ച് സംവാദം നടത്തിയത്. എല്ലാദിവസവം 25 കിലോമീറ്ററായിരുന്നു യാത്ര. പുലര്‍ച്ചെ ആറിന് ആരംഭിക്കുന്ന യാത്ര രാത്രി എട്ടോടെയാണ് അവസാനിച്ചിരുന്നത്. മൂന്നാഴ്ച യാത്ര പിന്നിട്ടതോടെ തനിക്ക് ക്ഷീണം അനുഭവപ്പെടാതായി. കൂടെ ഉള്ളവരോട് ക്ഷീണം അനുഭവപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി. ഇതില്‍ നിന്നും രാജ്യം ഞങ്ങളോടൊപ്പം നടക്കുകയാണെന്ന് തിരിച്ചറിയുകയായിരുന്നു. വിവിധ മതവിഭാഗങ്ങളില്‍ നിന്നായി കുട്ടികള്‍ മുതല്‍ പ്രായമായവരെ വരെ സ്‌നേഹംപങ്കിട്ട് യാത്രയിലേക്കെത്തി. ഇവര്‍ സൃഷ്ടിച്ച സ്നേഹത്തിന്റെ അന്തരീക്ഷത്തിലാണ് വെറുപ്പിന്റെ വിപണിയില്‍ സ്നേഹത്തിന്റെ കട തുറന്നെന്ന ആശയം പങ്കിട്ടത്.’