രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കരുത്; ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ

ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ്ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് മെഡലുകൾ ഗംഗയിലൊഴുക്കാൻ എത്തിയ ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ. ബികെയു ദേശീയ അധ്യക്ഷൻ നരേഷ് ടിക്കായത്ത് ഉൾപ്പടെയുള്ള കർഷകനേതാക്കളാണ് ഗുസ്തി താരങ്ങളെ അനുനയിപ്പിച്ചത്. മെഡലുകൾ ഗംഗയിലൊഴുക്കാൻ ഹരിദ്വാറിലെത്തിയ താരങ്ങളിൽ നിന്ന് ഇവർ മെഡലുകൾ തിരികെ വാങ്ങി. രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കരുതെന്നാണ് കർഷക നേതാക്കൾ താരങ്ങളോട് അഭ്യർത്ഥിച്ചത്.

രാകേഷ് ടിക്കായത്ത് ഒരുപാട് നേരം കായിക താരങ്ങളോട് സംസാരിക്കുകയും ചെയ്തു. സാക്ഷിമാലിക് ഉൾപ്പടെയുള്ള താരങ്ങൾ ഇവിടെയുണ്ടായിരുന്നു. വൻ ജനാവലിയാണ് ഹരിദ്വാറിൽ ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ച് എത്തിയത്. മെയ് 28-ാം തീയതി പാർലമെന്റിന് മുന്നിലേക്ക് താരങ്ങൾ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസിന്റെ ഭാഗുത്തുനിന്നുണ്ടായ നീക്കമാണ് മെഡലുകൾ ഗംഗയിലൊഴുക്കുക എന്ന തീരുമാനത്തിലേക്ക് ഗുസ്തി താരങ്ങളെ നയിച്ചത്. നരേന്ദ്ര മോദി സർക്കാരിന്റെ വാർഷികാഘോഷ ദിനത്തിലാണ് ഇത്തരമൊരു പ്രതിഷേധം നടത്താൻ താരങ്ങൾ തീരുമാനിച്ചത്.

അതിവൈകാരികമായ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം ഹരിദ്വാർ സാക്ഷ്യം വഹിച്ചത്. തങ്ങൾ നേടിയ മെഡലുകൾ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു താരങ്ങൾ ഹരിദ്വാറിലേക്ക് എത്തിയത്. ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ലെന്നും ഈ മെഡലുകൾ തങ്ങളുടെ ജീവനും ആത്മാവുമാണെന്നും താരങ്ങൾ വ്യക്തമാക്കി.

കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാൽ ഇപ്പോൾ മെഡലുകൾക്ക് വിലയില്ലാതായിയെന്ന് താരങ്ങൾ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.