അമേരിക്കൻ സന്ദർശനത്തിന് തുടക്കം കുറിച്ച് രാഹുൽ ഗാന്ധി; വിവിധ പരിപാടികളിൽ പങ്കെടുക്കും

ന്യുയോർക്ക്: അമേരിക്കൻ സന്ദർശനത്തിന് തുടക്കം കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൊവ്വാഴ്ച്ച രാത്രിയാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. പത്ത് ദിവസം അദ്ദേഹം അമേരിക്കയിലുണ്ടാകും. യു എസിലെ ഇന്ത്യക്കാരുമായി രാഹുൽ സംവദിക്കും.

വിവിധ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. സാൻഫ്രാൻസിസ്‌കോയിലെ വിദ്യാർത്ഥികളുമായി ആദ്യദിനം രാഹുൽ സംസാരിക്കും. വാർത്താ സമ്മേളനം ഉൾപ്പെടെ പല പരിപാടികളിലും രാഹുല്ഡ ഗാന്ധി പങ്കെടുക്കുമെന്നാണ് വിവരം.

അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ എം പി സ്ഥാനം നഷ്ടമായ രാഹുലിന് ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധിക്ക് സാധാരണ പാസ്‌പോർട്ട് ലഭിച്ചത്. ഡൽഹി കോടതി ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ നൽകിയതോടെയാണ് രാഹുലിന് പാസ്‌പോർട്ട് ലഭിച്ചത്. മൂന്ന് വർഷത്തേക്കാണ് ഡൽഹി കോടതി എൻ ഒ സി നൽകിയിട്ടുള്ളത്.