ദേശീയ സ്‌കൂൾ ഗെയിംസ്; പങ്കെടുക്കുന്ന വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും വേണ്ടി പ്രത്യേക യാത്രാ സൗകര്യം അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും വേണ്ടി പ്രത്യേക യാത്രാ സൗകര്യം അനുവദിച്ച് റെയിൽവേ. ജൂൺ ആറ് മുതൽ 12 വരെയുള്ള തീയതികളിലാണ് 66-ാ മത് ദേശീയ സ്‌കൂൾ ഗെയിംസ് നടക്കുന്നത്. ഡൽഹി, ഭോപ്പാൽ, ഗ്വാളിയോർ എന്നിവിടങ്ങളിൽ വച്ചാണ് ദേശീയ സ്‌കൂൾ ഗെയിംസ് നടക്കുന്നത്.

ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക ബോഗികൾ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി വി ശിവൻകുട്ടി നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. തുടർന്നാണ് പ്രത്യേക ബോഗികൾ അനുവദിക്കാനുള്ള തീരുമാനം റെയിൽവേ കൈക്കൊണ്ടത്. മെയ് 31ന് ഉച്ചയ്ക്ക് കേരള എക്‌സ്പ്രസിൽ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആദ്യ സംഘം പുറപ്പെടും. ആദ്യ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത് 71 വിദ്യാർത്ഥികൾ അടക്കം 84 പേരാണ്. വിദ്യാഭ്യാസ മന്ത്രിയും ഉദ്യോഗസ്ഥരും ഇവരെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തും. പിന്നീട് ജൂൺ ഒന്നിനും രണ്ടിനും കേരള എക്‌സ്പ്രസ്സിൽ 80 അംഗ സംഘങ്ങൾ യാത്ര തിരിക്കും. ജൂൺ രണ്ടിന് വൈകിട്ട് കൊച്ചിയിൽ നിന്ന് ഹിമസാഗർ എക്‌സ്പ്രസിൽ 190 പേരും പുറപ്പെടുന്നതാണ്.