ഫിറ്റായിരിക്കുന്നത് തന്നെ ജീവിതലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ സഹായിച്ചു: സച്ചിന്‍

മുംബൈ: ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഫിറ്റ്നെസിനുള്ള പ്രാധാന്യത്തെക്കുറിച്ചും പുകയില ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് ഒഴിവാക്കിയതിനെ കുറിച്ചും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്വച്ഛ് മുഖ് അഭിയാന്റെ സ്മൈല്‍ അംബാസിഡറായി ധാരണാപത്രം ഒപ്പിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്‌കൂളില്‍നിന്ന് പുറത്തുവന്നയുടനേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാന്‍ ആരംഭിച്ചത്. ഒരുപാട് പരസ്യങ്ങളില്‍ അഭിനയിക്കാനുള്ള അവസരം അന്നുമുതല്‍ വന്നുകൊണ്ടിരുന്നു. എന്നാല്‍, പുകയില ഉത്പന്നങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പിതാവ് പറഞ്ഞു. ഇത്തരം ഓഫറുകള്‍ അനവധി വന്നു, എന്നാല്‍ ഒന്നുപോലും ഞാന്‍ സ്വീകരിച്ചിട്ടില്ല. നല്ല ആരോഗ്യമുള്ള വായ, മൊത്തം ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഫിറ്റായിരിക്കുന്നത് തന്നെ ജീവിതലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിച്ചു. ഫിറ്റായിരിക്കുകയെന്നത് ഇന്ന് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. കാഴ്ചയിലും മാനസിക ആരോഗ്യത്തിലും വായയുടെ ആരോഗ്യത്തിലും ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്’- സച്ചിന്‍ വ്യക്തമാക്കി.

അതേസമയം, ദന്തശുചിത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് മുഖ് അഭിയാന്‍. മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേര്‍ന്ന് സച്ചിനുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.