മണിപ്പൂരിൽ സമാധാനം പുനസ്ഥാപിച്ചില്ലെങ്കിൽ മെഡലുകളും പുരസ്കാരങ്ങളും തിരികെ നൽകും; അമിത് ഷായ്ക്ക് കത്തയച്ച് കായിക താരങ്ങൾ

ഇംഫാൽ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മണിപ്പൂരിലെ 11 കായിക താരങ്ങൾ. സംസ്ഥാനത്തെ ഒളിമ്പ്യന്മാർ ഉൾപ്പെട്ട 11 പേരാണ് അദ്ദേഹത്തിന് കത്തയച്ചത്. മണിപ്പൂർ സംഘർഷത്തിന് പരിഹാരം കാണണമെന്നാണ് കായിക താരങ്ങൾ കത്തിൽ ആവശ്യപ്പെടുന്നത്.

ഒളിമ്പിക് മെഡൽ ജേതാവ് മീരാഭായി ചനു ഉൾപ്പെടെയുള്ള കായിക താരങ്ങൾ ഈ കത്തിൽ ഒപ്പ് വച്ചിട്ടുണ്ട്. സംസ്ഥാനത്ത് എത്രയും വേഗം സമാധാനം പുനസ്ഥാപിച്ചില്ലെങ്കിൽ തങ്ങൾക്ക് ലഭിച്ച മെഡലുകളും പുരസ്കാരങ്ങളും തിരികെ നൽകുമെന്നാണ് താരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

മുൻ ഇന്ത്യൻ വനിത ഫുട്ബോൾ ക്യാപ്റ്റൻ ബെംബെം ദേവി, ബോക്സർ എൽ സരിത ദേവി, പത്മാ അവാർഡ് ജേതാവ് ഭാരോദ്യോഹക കഞ്ചറാണി ദേവി തുടങ്ങിയ കായികതാരങ്ങളും കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ദേശീയപാത രണ്ടിലെ തടസ്സം ഒഴിവാക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ടു വച്ചിട്ടുണ്ട്. ദേശീയപാത 2 ഏതാനും ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണ്. ഇത് ചരക്ക് ഗതാഗതത്തെ ബാധിക്കുന്നതിനാൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. അതിനാൽ പാത എത്രയും വേഗം തുറന്നു നൽകണമെന്ന് താരങ്ങൾ ആവശ്യപ്പെടുന്നു.