തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും യുഎസ്, ക്യൂബ സന്ദർശനത്തിന് അനുമതി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ജൂൺ 8 മുതൽ 18 വരെയുള്ള തീയതികളിലാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം.
പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ലോക കേരള സഭയുടെ പ്രവാസി സംഗമത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി അമേരിക്ക സന്ദർശിക്കുന്നത്. ലോക ബാങ്ക് ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയെ സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇടപെട്ടാണ് ഈ ആശയക്കുഴപ്പങ്ങൾ പരിഹരിച്ചത്. ഇതോടെയാണ് കേന്ദ്രസർക്കാർ പിണറായിയുടെ വിദേശയാത്രയ്ക്ക് അനുമതി നൽകിയത്.
പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, വിവിധ ഐഎഎസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പം യാത്രയിൽ ഉണ്ടാകും.

