പാര്‍ലമെന്റ് അംഗബലത്തില്‍ ആദ്യ മൂന്ന് രാജ്യങ്ങളിലൊന്നാവാന്‍ ഇന്ത്യ

പാര്‍ലമെന്റ് അംഗബലത്തില്‍ ഇന്ത്യ മൂന്ന് രാജ്യങ്ങളിലൊന്നായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ പുതിയ പാലമെന്റ് മന്ദിരത്തില്‍ ഇരുസഭകളിലുമായി 1272 സീറ്റുകളാണുള്ളത്. നിലവില്‍ 793 അംഗങ്ങളുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ചൈന(2,987), ബ്രിട്ടന്‍ (1,435), ഇറ്റലി (951), ഫ്രാന്‍സ് (925) എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.

നിലവിലെ ലോക്‌സഭയില്‍ 552 ആണ് ഭരണഘടന അനുവദിച്ചിട്ടുള്ള പരമാവധി അംഗബലം. രാജ്യസഭയില്‍ 250 സീറ്റും. 2026ന് ശേഷം നടത്തുന്ന സെന്‍സസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മണ്ഡല പുനര്‍നിര്‍ണയം നടത്തേണ്ടത്. 2021ല്‍ നടത്തേണ്ടിയിരുന്ന സെന്‍സസിന്റെ നടപടികള്‍ പൂര്‍ത്തിയായ ശേഷമാവും മണ്ഡല പുനര്‍നിര്‍ണയം. അതിന് മുമ്പ് മരവിപ്പിച്ച ഭരണഘടനാ വ്യവസ്ഥ മറ്റൊരു ഭേദഗതിയിലൂടെ തിരുത്തേണ്ടതുണ്ട്. ജനസംഖ്യാനുപാതികമായി പാര്‍ലമെന്റംഗങ്ങളുടെ എണ്ണം നിശ്ചയിക്കുക എന്ന മാനദണ്ഡം നിലവില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെയാണ്. എന്നാല്‍, ജനസംഖ്യാ വര്‍ദ്ധന എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെയല്ല. വര്‍ദ്ധന കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള പാര്‍ലമെന്റംഗങ്ങളുടെ എണ്ണം കുറയാം.

2001ലെ സെന്‍സസിന് ശേഷം 2002ല്‍ റിട്ട.ജസ്റ്റിസ് കുല്‍ദീപ് സിംഗ് അദ്ധ്യക്ഷനായി നിയമിച്ച മണ്ഡല പുനര്‍നിര്‍ണയ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജനസംഖ്യ ലോകറെക്കാഡിലെത്തിയതോടെ 2021ലെ സെന്‍സസ് പൂര്‍ത്തിയായ ശേഷം പുതിയ കമ്മിഷനെ നിയമിക്കാനാണ് സാധ്യത. 1951 -52ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ആദ്യ ലോക്സഭ 489സീറ്റുമായി നിലവില്‍ വന്നു. പിന്നീട് മണ്ഡലം പുനര്‍നിര്‍ണയങ്ങളിലാണ് നിലവില്‍ 543 സീറ്റായത്. 1952, 1963, 1973, 2002 വര്‍ഷങ്ങളിലാണ് മണ്ഡലം പുനര്‍നിര്‍ണയ കമ്മിഷനുകളെ നിയമിച്ചത്.