വി മുരളീധരൻ ആരാച്ചാരെ പോലെ പെരുമാറുന്നത് ദൗർഭാഗ്യകരം; വിമർശനവുമായി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി പി എ മുഹമ്മദ് റിയാസ്. വി മുരളീധരൻ ആരാച്ചാരെ പോലെ പെരുമാറുന്നത് ദൗർഭാഗ്യകരമാണെന്ന് പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. എല്ലാവരും ദുഃഖിക്കുമ്പോൾ വി മുരളീധരൻ സന്തോഷിച്ച് തുള്ളിച്ചാടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

വായ്പാപരിധി വെട്ടിക്കുറക്കുന്നതിൽ ഒരു മനുഷ്യനും സന്തോഷിക്കില്ല. മലയാളിക്ക് മാത്രമല്ല, ഒരാൾക്കും സന്തോഷത്തിന് വക നൽകുന്ന കാര്യമല്ല ഒരു സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറക്കുന്നത്. സംസ്ഥാനത്തിന്റെ അവകാശമാണിത്. അങ്ങനെയുള്ള ഒരു വിഷയത്തിൽ ഒരു കേന്ദ്രമന്ത്രി സന്തോഷിക്കുക. അതും ഒരു മലയാളി. അത് വല്ലാത്തൊരു മാനസികാവസ്ഥ തന്നെയാണെന്ന് അദ്ദേഹം വിമർശിച്ചു.

യഥാർഥത്തിൽ സംസ്ഥാനത്തിന് വേണ്ടി ഇടപെട്ട് മുന്നോട്ട് പോകേണ്ട വ്യക്തിയല്ലേ അദ്ദേഹം. കേന്ദ്രസർക്കാരിൽ അദ്ദേഹത്തിനുള്ള സ്വാധിനം ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളെയാകെ പ്രയാസത്തിലേക്ക് തള്ളിവിടുന്ന ഒരു നീക്കത്തെ ഇല്ലാതാക്കാൻ ശ്രമിക്കണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. എൽഡിഎഫിന് വേണ്ടി വോട്ട് ചെയ്തവരും ചെയ്യാത്തവരും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയും ഇത് ബാധിക്കാൻ പോകുവല്ലേ. എല്ലാവിഭാഗം ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ ഒരു മലയാളിയായ കേന്ദ്രമന്ത്രി തുള്ളിച്ചാടരുതല്ലോയെന്നും അദ്ദേഹം അറിയിച്ചു.