ഇംഫാൽ: മണിപ്പൂരിൽ ആയുധങ്ങളുമായി യുവാക്കൾ പിടിയിൽ. മൂന്ന് പേരാണ് പിടിയിലായത്. ഇവരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളിൽ ചൈനീസ് നിർമിത ആയുധങ്ങളും ഉൾപ്പെടുന്നുണ്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്താനിരിക്കെയാണ് അക്രമികളെ സൈന്യം പിടികൂടിയത്.
ഇംഫാലിലെ സിറ്റി കൺവെൻഷൻ സെന്റർ പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ നാലുപേർ കാറിൽ യാത്ര ചെയ്യുന്നുണ്ടെന്ന് സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അക്രമികൾ പിടിയിലായത്. സൈനികരെത്തി കാർ തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ അകത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
ഇവരെ പിന്തുടർന്ന് ഓടിയാണ് സൈനികർ ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് ചൈനീസ് ഹാൻഡ് ഗ്രനേഡ്, ഡിറ്റണേറ്റർ, ഇൻസാഫ് റൈഫിൾ എന്നിവയുൾപ്പടെയുള്ള നിരവധി ആയുധങ്ങളാണ് കണ്ടെടുത്തത്.

