ചെങ്കോൽ വിഷയം; ശശി തരൂർ നടത്തിയ പ്രസ്താവന വിവാദത്തിൽ

തിരുവനന്തപുരം: പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിച്ചതിൽ പ്രതികരണം അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ പ്രസ്താവന വിവാദമാകുന്നു. നമ്മുടെ വർത്തമാന കാല മൂല്യങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാവരും ഈ ചിഹ്നം സ്വീകരിക്കണമെന്ന തരൂരിന്റെ പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് തരൂർ പങ്കുവെച്ചതെന്നാണ് വിമർശനം.

എന്നാൽ, ഭരണഘടന ജനങ്ങളുടെ പേരിലാണ് അംഗീകരിക്കേണ്ടത് എന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ വാദത്തെ അദ്ദേഹം അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ചെങ്കോൽ വിഷയത്തിൽ ഇരുപക്ഷത്തും ന്യായമുണ്ടെന്നും തരൂർ അഭിപ്രായപ്പെടുന്നു. ധർമ്മത്തിലും പരമാധികാരത്തിലും അധിഷ്ടിതമായ ഒരു പാരമ്പര്യത്തിന്റെ ചിഹ്നമായി സർക്കാർ ചെങ്കോലിനെ കാണുന്നു. എന്നാൽ പരമാധികാരം ഇന്ത്യയിലെ ജനങ്ങൾക്കാണെന്നും അത് രാജകീയമായി കൈമാറ്റം ചെയ്യാവുന്ന പദവിയല്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ചെങ്കോൽ വിഷയത്തിൽ ഇരുവിഭാഗവും തമ്മിൽ ഒരു അനുരഞ്ജനത്തിലെത്തുകയാണ് വേണ്ടതെന്ന അഭിപ്രായവും അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നു. കാരണം അധികാര കൈമാറ്റത്തിന്റെ ഭാഗമായി മൗണ്ട് ബാറ്റൺ നെഹ്റുവിന് കൈമാറിയതാണ് ചെങ്കോൽ എന്ന വാദത്തിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം വിശദമാക്കി. ചെങ്കോൽ എന്നത് അധികാരത്തിന്റെ പരമാധികാരത്തിന്റെയും പരമ്പരാഗത ചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു. അത് ലോക്സഭയിൽ സ്ഥാപിക്കുന്നതിലൂടെ പരമാധികാരം എന്ന തത്വം ഊട്ടിയുറപ്പിക്കപ്പെടുകയാണെന്നും ഏതെങ്കിലും അധികാരിയുടെ കീഴിലല്ല ഭരണമെന്ന് തെളിയിക്കുകയാണെന്നും തരൂർ പറഞ്ഞു.