ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂർത്തം; പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂർത്തമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാർലമെന്റ് മന്ദിരമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ അദ്ദേഹം ചെങ്കോൽ സ്ഥാപിച്ചു. വിളക്ക് കൊളുത്തിയാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത്. തുടർന്ന് അദ്ദേഹം ഇരു ചേംബറുകളിലും സന്ദർശനം നടത്തുകയും ചെയ്തു. അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരമാണിതെന്നും ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരമാണ് യാഥാർത്ഥ്യമായതെന്നും നരേന്ദ്ര മോദി അറിയിച്ചു. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. ഓരോ ഭാരതീയന്റെയും അഭിമാനമാണിത്. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകുമെന്ന് അദ്ദേഹം വിശദമാക്കി.

ആത്മനിർഭർ ഭാരതത്തിന്റെ പുതിയ സൂര്യോദയത്തിന്റെ അടയാളമാണിത്. പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും പുത്തൻ വഴികളിലേക്കും നീങ്ങും. ഭാരതം വളരുമ്പോൾ ലോകം വളരുന്നു. രാജ്യത്തിന്റെ വികസനത്തിന്റെ അടയാളം കൂടിയാണ് ഈ മന്ദിരം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സ്ഥാപിച്ച ചെങ്കോൽ രാജ്യത്തിന് മാർഗദർശിയാകും. രാജ്യം കൂടുതൽ ഉന്നതിയിലേക്ക് നീങ്ങുകയാണ്. ആത്മനിർഭർ ഭാരത് അതിനുള്ള വഴികാട്ടിയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.