അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ നിന്ന് ഇനി ടിസിയില്ലാതെ തന്നെ വിദ്യാർത്ഥികൾക്ക് സ്‌കൂൾ മാറാം; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ നിന്ന് ഇനി ടിസിയില്ലാതെ തന്നെ വിദ്യാർത്ഥികൾക്ക് സ്‌കൂൾ മാറാം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പുവെച്ചതായും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂൾ മാറാൻ ഇനി പ്രായവും ക്ലാസും മാത്രമായിരിക്കും പരിഗണിക്കുന്നത്.

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടി സി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ രണ്ടു മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം 2023 – 24 വർഷം ലഭ്യമാക്കാൻ ഉള്ള ഉത്തരവിൽ ഒപ്പുവച്ചുവെച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്‌കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.