കുതിച്ച് ഇന്ത്യന്‍ പ്രതിരോധ മേഖല

രാജ്യത്തെ പ്രതിരോധ മേഖലയിലെ കമ്പനികളുടെ 2022-23 സാമ്പത്തിക വര്‍ഷ ഉത്പാദന മൂല്യം ഒരു ലക്ഷം കോടി രൂപ പിന്നിട്ടതായി റിപ്പോര്‍ട്ട്. വാര്‍ഷിക വര്‍ധനവാകട്ടെ 12 ശതമാനവും.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ്(എച്ച്എഎല്‍), മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ്, എംടിഎആര്‍ ടെക്നോളജീസ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്(ബിഇഎല്‍), ഭാരത് ഡൈനാമിക്സ്(ബിഡിഎല്‍) എന്നീ കമ്പനികളുടെ ഓഹരികള്‍ ഒരുവര്‍ഷത്തിനിടെ 160 ശതമാനംവരെയാണ് കുതിപ്പ് രേഖപ്പെടുത്തിയത്. എന്നാല്‍, ഈ കാലയളവില്‍ സെന്‍സെക്സിലെ നേട്ടം 14 ശതമാനംമാത്രമാണ്. ആദിത്യബിര്‍ള സണ്‍ലൈഫ് പ്യുവര്‍ വാല്യു ഫണ്ട്, ഐഡിബിഐ ഡിവിഡന്റ് യീല്‍ഡ് ഫണ്ട്, എച്ച്ഡിഎഫ്സി മിഡ്ക്യാപ് ഓപ്പര്‍ച്യൂണിറ്റീസ്, മിറെ അസറ്റ് മിഡ്ക്യാപ് എന്നിവ ഒരു വര്‍ഷക്കാലയളവില്‍ 27 ശതമാനംവരെ റിട്ടേണ്‍ നല്‍കി. എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടാണ് പ്രതിരോധ മേഖലയിലെ കമ്പനികളില്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിഫന്‍സ് ഫണ്ട് പുറത്തിറക്കിയത്. പ്രതിരോധവും അനുബന്ധ മേഖലകളിലും 80 ശതമാനമെങ്കിലും നിക്ഷേപം നടത്തുകയാണ് ഫണ്ടിന്റെ ലക്ഷ്യം.

അതേസമയം, പ്രതിരോധ മേഖലയിലെ കമ്പനികള്‍ ഇനിയും ഉയരാനുള്ള സാധ്യതയുള്ളതായി വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നു. പ്രതിരോധ മേഖലക്കുള്ള രാജ്യത്തെ ബജറ്റ് വിഹിതം നടപ്പ് സാമ്പത്തികവര്‍ഷം 68 ശതമാനത്തില്‍നിന്ന് 75ശതമാനമായി വര്‍ധിപ്പിച്ചത് കമ്പനികള്‍ക്ക് നേട്ടമാകും.