ഇടുക്കി: കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ തമിഴ്നാടിനെ കണ്ടു പഠിക്കണമെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. അരികൊമ്പൻ ജനവസ മേഖലയിൽ എത്തിയ ഉടൻ ആനയെ പിടികൂടാൻ തമിഴ്നാട് ശ്രമം ആരംഭിച്ചത് കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടു പഠിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. റേഡിയോ കോളർ പ്രവർത്തിക്കുന്നതാണോ എന്നത് ആർക്കേലും അറിയാമോയെന്നും മണി ചോദിക്കുന്നു.
അരിക്കൊമ്പനെ പിടികൂടി തമിഴ്നാട് കുങ്കി ആന ആക്കട്ടെ. അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് മടങ്ങിയെത്താൻ യാതൊരു സാധ്യതയുമില്ല. അരിക്കൊമ്പൻ വിഷയം വേണ്ടരീതിയിൽ തമിഴ്നാട്ടുകാർ കൈകാര്യം ചെയ്യും. അവിടെയാകുമ്പോ പരിസ്ഥിതി സ്നേഹികളുടെ ശല്യമുണ്ടാകില്ല. അരിക്കൊമ്പനെ പിടികൂടി മറ്റൊരിടത്ത് എത്തിച്ചാൽ പ്രശ്നം തീരില്ലെന്ന് തനിക്ക് അറിയാമായിരുന്നു. ഏതായാലും ഇവിടെ ശല്യമൊഴിഞ്ഞല്ലോയെന്നും എം എം മണി മാദ്ധ്യമങ്ങളേട് പ്രതികരിച്ചു.
അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ദൗത്യം പുരോഗമിക്കുന്നുണ്ട്. കമ്പം ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് ആനയെ കണ്ടെത്തിയെങ്കിലും പിന്നീട് അത് വനത്തിലേക്ക് പോയി.

