ദീപാവലി ഔദ്യോഗിക അവധി ദിനമാക്കാന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രവാസികളുടെയും നിയമനിര്‍മ്മാതാക്കളുടെയും വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമായി സ്റ്റേറ്റ് അസംബ്ലി, ദീപാവലിയെ ഔദ്യോഗിക ഫെഡറല്‍ അവധിദിനമാക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നതായി റിപ്പോര്‍ട്ട്.

സമ്പന്നവും വൈവിധ്യപൂര്‍ണവുമായ സംസ്‌കാരത്തെ അംഗീകരിക്കുന്നതിനുള്ള ന്യൂയോര്‍ക്കിന്റെ നിര്‍ണായക ചുവടുവയ്പാണിതെന്നും, ഇത്തരത്തില്‍ അവധി നല്‍കുന്നത് സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് ഞങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച തുടരുമെന്നും അസംബ്ലി സ്പീക്കര്‍ കാള്‍ ഹെസ്റ്റി പറഞ്ഞു. ‘ദീപാവലി ദിന നിയമം’ യുഎസില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 12ാമത്തെ അവധി ദിനമാക്കി മാറ്റും. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് കഴിഞ്ഞ വര്‍ഷം ദീപാവലി പൊതു സ്‌കൂള്‍ അവധി പ്രഖ്യാപിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. അവധി ദിനം കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് ദീപാവലി ആഘോഷിക്കാന്‍ അനുവദിക്കും. അതുവഴി രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ഘടനയെ സര്‍ക്കാര്‍ വിലമതിക്കുന്നുണ്ടെന്ന് തെളിയിക്കും.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദീപാവലിയ്ക്കൊപ്പം ചാന്ദ്ര പുതുവര്‍ഷത്തെയും ഫെഡറല്‍ അവധിയാക്കാന്‍ സാദ്ധ്യതയുണ്ട്. ന്യൂയോര്‍ക്കിലെ ആദ്യ ഇന്ത്യന്‍ – അമേരിക്കന്‍ കൗണ്‍സില്‍മാന്‍ ശേഖര്‍ കൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ജൂണ്‍ എട്ടിനകം ബില്ലുകളുടെ മേല്‍ നടപടി ഉണ്ടായേക്കും.