കെ ഫോൺ പദ്ധതിയിലും വൻ അഴിമതിയാണ് നടന്നത്; ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം

കാസർകോട്: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം. കെ ഫോൺ പദ്ധതിയിലും വൻ അഴിമതിയാണ് നടന്നതെന്ന ആരോപണവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് എന്ന വാഗ്ദാനവുമായി പ്രഖ്യാപിച്ച കെ ഫോൺ പദ്ധതിയിലും വൻ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഭാരത് ഇലക്ട്രോണിക്‌സിന് എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക കൂട്ടി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതി ക്യാമറയെ വെല്ലുന്നതാണ് കെ ഫോൺ പദ്ധതിയിലെ അഴിമതി. മുഴുവൻ രേഖകളും പ്രതിപക്ഷത്തിന്റെ കയ്യിലുണ്ട്. കെ ഫോൺ ടെണ്ടർ ഇടപാടിൽ ഒത്തുകളിയാണ് നടന്നത്. അഴിമതി പണം എല്ലാം പോകുന്നത് ഒരേ പെട്ടിയിലേക്കാണ് എന്ന് സാരം. മുഖ്യമന്ത്രി പദവിയിലുരുന്ന് അധികാര ദുർവിനിയോഗം നടത്തി എന്ന ആരോപണം വന്നതിന് ശേഷം ഒരക്ഷരം മിണ്ടാത്ത രാജ്യത്തെ ആദ്യ രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

520 കോടിയാണ് എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക കൂട്ടി അധികമായി അനുവദിച്ചത്. അഴിമതിയിൽ എസ്ആർഐടിക്കും ബന്ധമുണ്ട്. എ ഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നിരിക്കുന്നത്. കെ ഫോണിലും ഉപകരാർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണ്. എസ്റ്റിമേറ്റ് തുക കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് എം. ശിവശങ്കറാണ്. കെ ഫോൺ അഴിമതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും വി ഡി സതീശൻ അറിയിച്ചു.