സ്വപ്ന സുരേഷിനെതിരെ പാർട്ടി സെക്രട്ടറി മാനനഷ്ടത്തിന് പരാതി നൽകിയിട്ടും മുഖ്യമന്ത്രി കേസ് കൊടുക്കാത്തത് എന്താണ്; ചോദ്യവുമായി കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സ്വപ്ന സുരേഷിനെതിരെ പാർട്ടി സെക്രട്ടറി മാനനഷ്ടത്തിന് പരാതി നൽകിയിട്ടും മുഖ്യമന്ത്രി കേസ് കൊടുക്കാത്തത് എന്താണെന്ന് കെ സുധാകരൻ ചോദിക്കുന്നു.

സിപിഎം ഇത് വിലയിരുത്തണം. എം വി ഗോവിന്ദന്റെ മടിയിൽ കനമില്ല. അതുകൊണ്ടാണ് അദ്ദേഹം പരാതി നൽകിയതെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വിശദമാക്കി.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കും. പാർട്ടി പുനഃസംഘടനയിൽ ഗ്രൂപ്പുകൾക്ക് സ്ഥാനമില്ല. ഡൽഹി ചർച്ചയിൽ താൻ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എം വി ഗോവിന്ദൻ അഴിമതിക്കാരനല്ലാത്ത നേതാവെന്ന് ഇന്ന് കൊച്ചി കോർപ്പറേഷനിലേക്ക് നടന്ന പ്രതിഷേധത്തിനിടെ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് ചൂട്ടു പിടിക്കുന്നുവെന്ന വിമർശനമാണ് ഗോവിന്ദനോടുള്ളതെന്നും മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എം വി ഗോവിന്ദൻ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.