കോവിഡ് കേസുകളിൽ വർദ്ധനവ്; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കോവിഡ് രോഗവ്യാപനം തടയാൻ മതിയായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. അതേസമയം, രാജ്യത്തെ കോവിഡ് കേസുകളിൽ അടുത്തിടെയായി വർദ്ധനവുണ്ടാകുന്നുണ്ട്. മാർച്ച് 15-ന് അവസാനിച്ച ആഴ്ചയിൽ 3,264 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വ്യാഴാഴ്ച രാവിലെയുള്ള കണക്കുകൾ അനുസരിച്ച് 700 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്.

രോഗബാധയെ പ്രതിരോധിക്കാനായി പരിശോധന, ചികിത്സ, നിരീക്ഷണം, വാക്‌സിനേഷൻ എന്നിവ കർശനമാക്കണമെന്നാണ് കത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.