ബ്രഹ്മപുരം; സോൺട ഇൻഫ്രാടെക് കരാർ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പിന്നാലെ കരാർ കമ്പനിയായ സോൺട ഇൻഫ്രാടെക് കരാർ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. ഒരു സ്വകാര്യ ചാനലാണ് വിവരങ്ങൾ പുറത്തുവിട്ടത്. 2022 ഡിസംബർ മാസം തദ്ദേശഭരണമന്ത്രി എം ബി രാജേഷ് വിളിച്ച് ചേർത്ത യോഗത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.

ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നത് വൈകുന്നതനുസരിച്ച് സംസ്ഥാനത്തിന് മേൽ ദേശീയ ഹരിത ട്രൈബ്യൂണൽ പിഴ ചുമത്തുമെന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്. യോഗത്തിൽ സോൺട കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നും അതിനാൽ വ്യവസ്ഥ പ്രകാരം സോൺടയ്ക്ക് പണം അനുവദിക്കുന്നതിൽ തടസ്സമുണ്ടെന്നും കൊച്ചി കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു.

മാലിന്യങ്ങൾ വേർതിരിക്കുന്നതിലും വീഴ്ച സംഭവിച്ചിരുന്നു. വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനമായി ഉപയോഗിക്കാവുന്ന മാലിന്യം ബ്രഹ്മപുരത്തുനിന്ന് നീക്കം ചെയ്തില്ല. ആകെ മാലിന്യത്തിന്റെ 25 ശതമാനം മാത്രമാണ് 2022 ഡിസംബർ വരെ സോൺട ബ്രഹ്മപുരത്തുനിന്ന് നീക്കിയത്. ഇതുപോലെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ 2023 ഏപ്രിൽ കഴിയാതെ ബ്രഹ്മപുരത്ത് നിന്ന് മാലിന്യം പൂർണമായും മാറ്റാനാകില്ലെന്ന് കോർപ്പറേഷൻ യോഗത്തിൽ അറിയിച്ചിരുന്നു. മാലിന്യ നീക്കത്തിന് കാലതാമസമുണ്ടായാൽ കടമ്പ്രയാർ മലിനമായതിന് ട്രിബ്യൂണൽ ഈടാക്കുന്ന പിഴ വർധിക്കും, മാത്രമല്ല ബ്രഹ്മപുരം പ്ലാന്റിൽ തീപ്പിടിത്തത്തിനുള്ള സാധ്യതയും കൂടുമെന്ന് കോർപ്പറേഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രളയസമയത്ത് വന്ന മാലിന്യങ്ങളടക്കം കെട്ടിക്കിടക്കുന്നതുകൊണ്ടാണ് ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിൽ പ്രതിസന്ധിയുണ്ടാക്കിയതെന്നും അതാണ് മാലിന്യം വേർതിരിച്ച് മാറ്റാൻ കാലതാമസമുണ്ടാക്കുന്നതെന്നും സോൺട യോഗത്തിൽ വിശദീകരിച്ചിരുന്നു. ഇതേതുടർന്ന് അട്ടികളാക്കി മാറ്റിയ മാലിന്യവും പ്രളയ മാലിന്യങ്ങളും താത്കാലികമായി കെ.എസ്.ഐ.ഡി.സിയുടെ സ്ഥലത്തേക്ക് മാറ്റാനും കൂടുതൽ യന്ത്രസാമഗ്രികൾ സ്ഥാപിച്ച് മാലിന്യം വേർതിരിച്ച് മാറ്റി ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കുന്നവയെ അട്ടികളാക്കി മാറ്റി ബ്രഹ്മപുരത്തുനിന്ന് നീക്കം ചെയ്യണമെന്നും യോഗത്തിൽ തീരുമാനിച്ചിരുന്നു. ഒന്നര മാസത്തിനുള്ളിൽ ഇത് നടപ്പിലാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.