പബ്ലിക് ഷെയര്‍ ഹോള്‍ഡിങ് ചട്ടങ്ങള്‍ ലംഘിച്ചു; പതഞ്ജലി ഫുഡ്സിലെ ഓഹരികള്‍ മരവിപ്പിച്ച് സെബി

മുംബൈ: പബ്ലിക് ഷെയര്‍ ഹോള്‍ഡിങ് ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പതഞ്ജലി ഫുഡ്സിലെ പ്രൊമോട്ടര്‍മാരുടേയും കമ്പനികളുടേയും ഓഹരികള്‍ സെബി മരവിപ്പിച്ചു. 292.58 മില്യണ്‍ ഓഹരികളാണ് മരവിപ്പിച്ചത്.

അതേസമയം. ലിസ്റ്റഡ് കമ്പനികളില്‍ 25 ശതമാനം ഓഹരികളെങ്കിലും പൊതുനിക്ഷേപകര്‍ കൈവശം വെച്ചിരിക്കണമെന്നാണ് സെബിയുടെ ചട്ടം. എന്നാല്‍, പതഞ്ജലി ഫുഡ്സില്‍ 19.18 ശതമാനം മാത്രമാണ് പൊതുഓഹരി പങ്കാളിത്തം. രുചി സോയ എന്ന പേരില്‍ നേരത്തെ അറിയപ്പെട്ട കമ്പനിയാണ് പിന്നീട് പതഞ്ജലി ഫുഡ്സായി മാറിയത്. കമ്പനിയെ ഏറ്റെടുക്കുന്നതിനായി പതഞ്ജലി അവതരിപ്പിച്ച പദ്ധതി ദേശീയ നിയമ ട്രിബ്യൂണല്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കമ്പനിയിലെ പൊതുഓഹരി പങ്കാളിത്തം 1.10 ശതതമാനമായി കുറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 25 ശതമാനമാക്കണമെന്ന് സെബി പതഞ്ജലിയോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ വീഴ്ചവന്നതോടെയാണ് സെബി നടപടികളിലേക്ക് നീങ്ങിയത്.

ഡിസംബര്‍ വരെയുള്ള ത്രൈമാസ വരുമാനത്തിലെ കുറവും ഗ്രാമപ്രദേശങ്ങളില്‍ പതഞ്ജലി ഉല്‍പന്നങ്ങളുടെ ആവശ്യകത കുറഞ്ഞതുമാണ് പതജ്ഞലിയുടെ ഓഹരി ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.