ഗൂഢാലോചനയുടെ ഭാഗം; വീഡിയോയിലെ സംഭാഷണം പുറത്ത് വിടാതിരിക്കുന്നത് ദുരൂഹമെന്നും സിപിഎം

കൊച്ചി: മുഖ്യമന്ത്രിക്കും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനും എതിരായ അപവാദ പ്രചരണങ്ങളില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ്.

ഇരുവരും ഗൂഢാലോചന നടത്തിയാണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോയിലെ സംഭാഷണം പുറത്ത് വിടാതിരിക്കുന്നത് ദുരൂഹമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്നും വ്യാജ രേഖ ചമച്ചെന്നും പരാതിക്കാരന്‍ വ്യക്തമാക്കുന്നു. എന്നാല്‍, പരാതില്‍ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ എടുത്തിട്ടില്ല.

അതേസമയം, എം വി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന നിലയില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ്, വിജേഷ് പിള്ളയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. 30 കോടി രൂപ നല്‍കാമെന്നും കൈയ്യിലുള്ള മുഴുവന്‍ തെളിവുകളും നശിപ്പിച്ച് കുടുംബത്തോടൊപ്പം നാടുവിടണമെന്നുമാണ് വിജേഷ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന ആരോപിച്ചത്. സ്വപ്നയുടെ പരാതിയില്‍ വിവിധ വകുപ്പുകള്‍ ചുമത്തി കെ ആര്‍ പുര പൊലീസ് വിജേഷിനെതിരെ വധഭീഷണിക്കേസാണ് എടുത്തിരിക്കുന്നത്. അതിനിടെ ആരോപണത്തില്‍ എം.വി ഗോവിന്ദന്‍ സ്വപ്നയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സ്വപ്നയുടെ പരാമര്‍ശം അപകീര്‍ത്തി ഉണ്ടാക്കിയെന്നും ആരോപണം പിന്‍വലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.