‘ക്യാപ്റ്റന്‍ ഫന്റാസ്റ്റിക്’: ഛേത്രിയെ കുറിച്ചുള്ള സീരീസ് പുറത്തിറക്കി ഫിഫ

സൂറിച്ച്: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിയുടെ ജീവിത കഥ പറയുന്ന ‘ക്യാപ്റ്റന്‍ ഫന്റാസ്റ്റിക്’ എന്ന സീരീസ് ഫിഫ പുറത്തിറക്കി. മൂന്ന് എപ്പിസോഡുകള്‍ അടങ്ങുന്ന സീരീസിന്റെ ആദ്യ സീസണ്‍ ഫിഫയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഫിഫ പ്ലസില്‍ ലഭ്യമാണ്.

ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫിഫ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ‘നിങ്ങള്‍ക്ക് റൊണാള്‍ഡോയെയും മെസിയെയും കുറിച്ച് എല്ലാം അറിയാം. നിലവില്‍ സജീവമായ പുരുഷ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ മൂന്നാമത്തെ താരത്തിന്റെ കഥ അറിയൂ’ എന്ന കുറിപ്പോടെയാണ് ഫിഫയുടെ ട്വീറ്റ്.

അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 117 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. നിലവില്‍ സജീവമായ താരങ്ങളില്‍ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഛേത്രി.