കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം; മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍

ആലപ്പുഴ: കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടംബത്തിന് പ്രതിമാസം ധനസഹായം നല്‍കുന്ന പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍.

ബി.പി.എല്‍. കുടുംബത്തിലെ വരുമാന ദായകരായ വ്യക്തി, കൊവിഡ് മൂലം മരണപ്പെട്ടാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ മക്കള്‍ക്കോ ധനസഹായത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍, പുതുക്കിയ മാനദണ്ഡ പ്രകാരം അംഗപരിമിതരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ മക്കള്‍ക്ക് മാത്രമാണ് സഹായധനം എന്നാണ് വ്യക്തമാക്കുന്നത്. മരിച്ചവരുടെ പ്രായം 70-നു മുകളിലും താഴെയും എന്നിങ്ങനെ രണ്ട് ഭാഗമാക്കിയാണ് സഹായത്തിന് അര്‍ഹരെ കണ്ടെത്തുക.

പുതുക്കിയ പ്രധാന വ്യവസ്ഥകള്‍

തദ്ദേശസ്ഥാപനങ്ങളുടെ ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സഹായം നല്‍കാം. കൂടാതെ മരിച്ചവ്യക്തിയുടെ വരുമാനം ഒഴിവാക്കിയാല്‍, ബി.പി.എല്‍. പരിധിയില്‍ വരുന്നവരെയും പരിഗണിക്കും. ഇതു വില്ലേജ് ഓഫീസര്‍ അന്വേഷിച്ച് അപേക്ഷയില്‍തന്നെ റിപ്പോര്‍ട്ടുചെയ്യണം.

മരിച്ചയാള്‍ 70 വയസ്സിനു മുകളിലുള്ളവരാണെങ്കില്‍ ഭാര്യ/ഭര്‍ത്താവ് എന്നിവര്‍ക്കുമാത്രമേ സഹായധനത്തിന് അര്‍ഹതയുണ്ടാകൂ. ഇവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ അംഗപരിമിതര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന മക്കളെമാത്രം പരിഗണിക്കും.

70-ല്‍ താഴെ പ്രായമുള്ളവരാണ് മരിച്ചവരെങ്കില്‍ ഭാര്യ/ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ സഹായംനല്‍കാം. ജീവിച്ചിരിപ്പില്ലെങ്കില്‍മാത്രം 21 വയസ്സില്‍ താഴെ പ്രായമുള്ളവരും മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്നവരുമായ ഒരു മകനോ, മകള്‍ക്കോ(മൂത്തയാള്‍ക്ക്) സഹായം നല്‍കും. ഇതിനു റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ പരിഗണിക്കാം.