ശക്തമായ ചെറുത്തുനിൽപ്പിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത് സുഭാഷ് ചന്ദ്ര ബോസ്: തമിഴ്നാട് ഗവർണർ

ചെന്നൈ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഇകഴ്ത്തി സംസാരിച്ച് തമിഴ്നാട് ഗവർണർ ആർ എൻ രവി. 1942ന് ശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ മഹാത്മാഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസ് ആണ് ശക്തമായ ചെറുത്തുനിൽപ്പിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേതാജിയുടെ ത്യാഗം മറ്റുള്ളവരെ പോലെ തന്നെ അനുസ്മരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് അണ്ണാ സർവ്വകലാശാല ക്യാമ്പസിൽ നടന്ന പരിപാടിയിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.

 രാജ്യത്ത് വിഭാഗീയതയ്ക്ക് തുടക്കകുറിച്ചത് മുഹമ്മദലി ജിന്ന ആണ് എന്ന ആരോപണവും അദ്ദേഹം ഉയർത്തി. അതേസമയം പരിപാടിക്കെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കാൻ അധികൃതർ വിദ്യാർഥികളെ നിർബന്ധിച്ചു എന്നാണ് റിപ്പോർട്ട്. പരിപാടിയിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്ക് ഹാജർ നിഷേധിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.