വിവാഹങ്ങൾ മാറ്റിവച്ചു എന്നത് തെറ്റായ പ്രചാരണം: വിശദീകരണവുമായി ഗുരുവായൂർ ദേവസ്വം

തൃശൂർ: നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന കുപ്രചാരണങ്ങളിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ബോർഡ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ പി വിനയൻ വ്യക്തമാക്കി.

എല്ലാ വിവാഹങ്ങളും നടത്തുമെന്നും സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. സമൂഹ മാദ്ധ്യമങ്ങളിൽ അനാവശ്യമായ പ്രചാരണങ്ങളും ചർച്ചകളും നടക്കുന്നതിനിടെയാണ് ദേവസ്വം ബോർഡ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജനുവരി 17ന് ഗുരുവായൂരിൽ വിവാഹങ്ങൾക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. മോദിയെത്തുന്ന 17-ാം തീയതി 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്. ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.