അനുവാദം ഇല്ലാതെ ഓൺലൈൻ മാധ്യമങ്ങളെന്നപേരിൽ പലരും എത്തുന്നു; ഇത് സ്ഥാപനത്തെ തകർക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സപ്ലൈകോ എംഡി ശ്രീറാം വെങ്കിട്ടരാമൻ പുറപ്പെടുവിച്ച സർക്കുലർ വിവാദമായതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. അനുവാദം ഇല്ലാതെ ഓൺലൈൻ മാധ്യമങ്ങളെന്നപേരിൽ പലരും എത്തുകയാണെന്നും ഇത് സ്ഥാപനത്തെ തകർക്കുമെന്നും ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോയിൽ അനുവാദം വാങ്ങിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിന് തെറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമങ്ങളെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് സപ്ലൈകോ എം ഡി ശ്രീരാം വെങ്കിട്ടരാമൻ ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് മന്ത്രി വിഷയത്തിൽ പ്രതികരണം നടത്തിയത്. മാധ്യമങ്ങളെന്ന് പറഞ്ഞ് വരുന്ന എല്ലാവരേയും സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ കയറ്റിവിടാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഓൺലൈൻ മാധ്യമങ്ങൾ എന്ന പേരിൽ എല്ലാവരും വരികയാണ്. അനുവാദം വാങ്ങി ദൃശ്യങ്ങൾ എടുക്കുന്നതിൽ തെറ്റില്ല. അനുവാദം ഇല്ലാതെ കയറിയിറങ്ങാൻ കഴിയുന്ന അവസ്ഥ ഉണ്ടായാൽ സ്ഥാപനത്തെ അത് തകർക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തുടനീളം സപ്ലൈകോ പ്രവർത്തിക്കുന്നത് ഈ മേഖലയിൽ വലിയ റീട്ടെയിൽ ശൃംഖലകളോട് മത്സരിച്ചാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. സപ്ലൈകോയുടെ പ്രതിച്ഛായയും പ്രശസ്തിയും കളങ്കപ്പെടുത്താൻ ബോധപൂർവ്വമായി നടത്തുന്ന പ്രവർത്തനങ്ങൾ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതിനാൽ അനുമതിയില്ലാതെ മാധ്യമങ്ങൾ ഉൾപ്പെടെ പുറത്തുനിന്നുള്ളവർ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് അനുവദിക്കരുത്. സപ്ലൈകോയെക്കുറിച്ചുള്ള ധാരണകൾ കൂടുതൽ മോശമാക്കുമെന്നതിനാൽ ജീവനക്കാർ അത്തരത്തിലുള്ള അഭിമുഖങ്ങൾ നൽകരുതെന്നും ഉത്തരവിലുണ്ട്. ഇക്കാര്യങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തണം. നിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അച്ചടക്കനടപടിയുണ്ടാകുമെന്നും എംഡി പുറത്തിറക്കിയ ഉത്തരവിൽ വിശദീകരിക്കുന്നു.