ന്യൂഡൽഹി: ഇന്ത്യ സഖ്യം പ്രധാനമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് കോൺഗ്രസ് എതിരാണെന്ന് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടികൾ തമ്മിൽ കൂടിയാലോചിച്ച് പ്രധാനമന്ത്രി സ്ഥാനാർഥിയെ കണ്ടെത്തുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പിലെ പോരാട്ടത്തിൽ എല്ലാവരും ഒരുമിച്ചാണെന്നത് ഇത് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിന് കോൺഗ്രസിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളും എതിരാണ്. ഇടത് മുന്നണി കേരളത്തിൽ കോൺഗ്രസുമായി ഏറ്റുമുട്ടുമ്പോഴും ദേശീയ തലത്തിൽ ഒരുമിച്ചു നിൽക്കുന്നതുപോലെ എഎപിയും സഖ്യത്തിൽ നിന്നുകൊണ്ടു പിന്തുണയ്ക്കാനും പോരാടാനും പഠിക്കണമെന്ന് അദ്ദേഹം അറിയിച്ചു.

