തിരുവനന്തപുരം: നൈറ്റ് ലൈഫിൽ കൂടുതൽ ജാഗ്രത പുലർത്താൻ തീരുമാനിച്ച് പോലീസ്. തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന കൂട്ടയടി സംഘർഷത്തെ തുടർന്നാണ് പോലീസ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. നൈറ്റ് ലൈഫ് ആഘോഷത്തിന് കൂടുതൽ ജാഗ്രതയ്ക്കായി 5 തീരുമാനങ്ങളാണ് പോലീസ് സ്വീകരിച്ചത്.
മാനവീയം വീഥിയിൽ നിയന്ത്രണം കൂടുതൽ കർശനമാക്കാനാണ് പദ്ധതി. എന്നാൽ പോലിസിന്റെ അനാവശ്യ ഇടപെടൽ ഉണ്ടാകരുതെന്നാണ് കമ്മീഷണർ നൽകിയിട്ടുള്ള പ്രത്യേക നിർദ്ദേശം.
റോഡിന്റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും, ഡ്രഗ് കിറ്റ് കൊണ്ടുള്ള പരിശോധന ഉണ്ടാകും, രണ്ട് വാഹനങ്ങളിൽ ദ്രുതകർമ്മ സേനയെ 11 മണിക്ക് ശേഷം മാനവീയം വീഥിയിൽ നിയോഗിക്കും, സംഘർഷമുണ്ടായാൽ പരാതിയില്ലെങ്കിലും കേസെടുക്കും, മാനവീയം വീഥിയിൽ കൂടുതൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കും തുടങ്ങിയ തീരുാമനങ്ങളാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. ഡ്രഗ് കിറ്റ് കൊണ്ടുള്ള പരിശോധന എല്ലാവർക്കുമുണ്ടാകില്ലെന്നും സംശയമുളളവരെ മാത്രമാകും ഇത്തരത്തിൽ പരിശോധിക്കുകയെന്നും പോലീസ് ചൂണ്ടിക്കാട്ടി.

