കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന് നിയമസഭയിൽ ആരംഭമായി

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന് നിയമസഭയിൽ ആരംഭമായി. കേരളീയത്തിനോടൊപ്പം നവംബർ 1 മുതൽ 7 വരെ പുസ്തകോത്സവം സംഘടിപ്പിക്കും. ഒട്ടനവധി പ്രസാധകർ പങ്കുചേരുന്ന പുസ്തക മേള, ലോകോത്തര നിലവാരത്തിൽ വൻ വിജയം കൈവരിക്കും. പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതോടൊപ്പം കല, സാഹിത്യം, സാംസ്‌കാരിക തുടങ്ങിയ മേഖലകളില്‍ സമഗ്രസംഭാവന നല്‍കിയ വ്യക്തിത്വത്തിനുള്ള നിയമസഭാ അവാര്‍ഡ്, മലയാളത്തിന്റെ അഭിമാനമായ എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കി ആദരിക്കും. കഴിഞ്ഞ ജനുവരിയിലാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഒന്നാം എഡിഷന്‍ സംഘടിപ്പിക്കപ്പെട്ടത്.

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി എം.എല്‍.എ.മാരുടെ സ്പെഷ്യല്‍ ഡെവലപ്മെന്റ് ഫണ്ടില്‍നിന്ന് മൂന്നുലക്ഷം രൂപ പുസ്തകം വാങ്ങാനായി വിനിയോഗിക്കാവുന്നതാണ്.അതത് മണ്ഡലത്തിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികള്‍ക്കും സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴിലുള്ള ഗ്രന്ഥശാലകള്‍ക്കും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള ലൈബ്രറികള്‍ക്കുമാണ് ഇതിലൂടെ പുസ്തകങ്ങള്‍ വാങ്ങാന്‍ സാധിക്കുക.