ഒരുപക്ഷപാതവും അനുഭവപ്പെട്ടിട്ടില്ല; നരേന്ദ്രമോദിയെ പ്രശംസിച്ച് കോൺഗ്രസ് മുതിർന്ന നേതാവ്

റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ചത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ടി എസ് സിംഗ് ദിയോ. താങ്കൾ ചില കാര്യങ്ങൾ നൽകുന്നതിനാണ് ഇവിടെ എത്തിയത്. താങ്കൾ ഛത്തീസ്ഗഡിന് അനേകം കാര്യങ്ങൾ തന്നു. ഭാവിയിലും തങ്ങൾക്ക് കുറേ കാര്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ചടങ്ങിലേയ്ക്ക് മോദിയെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ദിയോയുടെ പരാമർശം.

ഛത്തീസ്ഗഡിലെ ഒൻപത് ജില്ലകളിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കുകൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു. ഒരു ലക്ഷം സിക്കിൾ സെൽ കൗൺസലിംഗ് കാർഡുകൾ വിതരണം ചെയ്യുകയും നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. ഈ അവസരത്തിലായിരുന്നു ഒരു ചടങ്ങിൽ ദിയോ മോദിയെ പ്രശംസിച്ചത്.

ഞങ്ങൾ പ്രവർത്തിച്ചത് കേന്ദ്രം നൽകിയ മാർഗനിർദേശപ്രകാരമാണ്. തന്റെ അനുഭവപ്രകാരം എനിക്കൊരു പക്ഷപാതവും അനുഭവപ്പെട്ടിട്ടില്ല. സംസ്ഥാനത്തിന് വേണ്ടി ആവശ്യപ്പെട്ടതൊന്നും കേന്ദ്രം നിരാകരിച്ചിട്ടില്ലെന്നും ഉപമുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ മുന്നോട്ട് നയിക്കാൻ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പ്രവർത്തിക്കുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഛത്തീസ്ഗഡിൽ 6,400 കോടിയുടെ റെയിൽ പദ്ധതികളാണ് നടപ്പിലാക്കാൻ പോകുന്നതെന്ന് ചടങ്ങിൽ പ്രധാനമന്ത്രി അറിയിച്ചു.