ന്യൂഡൽഹി: നടൻ ആർ മാധവന് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഗവേണിംഗ് കൗൺസിൽ ചെയർമാനായും പ്രസിഡന്റായും നിയമനം. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് നിയമനം നൽകിയത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എക്സ് മാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മുൻ പ്രസിഡന്റ് ശേഖർ കപൂറിന്റെ കാലാവധി 2023 മാർച്ച് 3 ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാധവന്റെ നിയമനം. മാധവന്റെ വിശാലമായ പരിചയ സമ്പത്തും ധാർമ്മികതയും ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ ഉയർച്ചയിലേക്ക് നയിക്കുമെന്നും, ഇവിടെ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും തനിക്കുറപ്പുണ്ടെന്നും കേന്ദ്രമന്ത്രി എക്‌സ് മാദ്ധ്യമത്തിൽ കുറിച്ചു. മാധവന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
പ്രതീക്ഷക്കൊത്ത് ഉയരാൻ പരമാവധി ശ്രമിക്കുമെന്നും മാധവൻ ട്വീറ്റിന് മറുപടി നൽകി. തനിക്ക് നൽകിയ ബഹുമതിയ്ക്കും ആശംസകൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

