കൊവിഡ് നിയന്ത്രണങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഉടനുണ്ടാകും

covid

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഉടനുണ്ടാകും. രണ്ടാംഘട്ട രോഗ വ്യാപനം ശക്തമായിരിക്കെ രോഗനിയന്ത്രണത്തിനുള‌ള മാർഗങ്ങളുമായി ബന്ധപ്പെട്ട കോർ കമ്മ‌ിറ്റി യോഗത്തിലെ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി മുഖ്യമന്ത്രി അംഗീകരിക്കുന്നതോടെയാണ് ഉത്തരവിറങ്ങുക.സംസ്ഥാനത്ത് പൊതു ചടങ്ങുകളിൽ നിയന്ത്രണമുണ്ടാകും.

ചടങ്ങുകൾ പരമാവധി രണ്ട് മണിക്കൂർ നേരമേ പാടുള‌ളൂ, ഹോട്ടലുകളടക്കം കടകൾ രാത്രി ഒൻപത് മണിക്ക് മുൻപ് അടക്കണം. ഹോട്ടലുകളിൽ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ, ബസുകളിലും ട്രെയിനുകളിലും നിന്നുകൊണ്ടുള‌ള യാത്ര ഒഴിവാക്കണം, ബസിൽ ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്‌താൽ നടപടിയെടുക്കും, യാത്രാ തിരക്ക് ഒഴിവാക്കാൻ മോട്ടോർ വാഹന പരിശോധനയുണ്ടാകും.

അത്യാവശ്യമില്ലാത്ത യോഗങ്ങൾ മൂന്നാഴ്‌ചത്തേക്ക് നീട്ടിവയ്‌ക്കണം, ടെലി ഡോക്‌ടർ സംവിധാനം ഏർപ്പെടുത്തണം, നിത്യോപയോഗ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഓൺലൈൻ സംവിധാനമുണ്ടാകും ഇതിന് സപ്ളൈക്കോയും ഹോർട്ടികോർപ്പും അടക്കം സഹകരിക്കുന്ന സംവിധാനം വേണം. എല്ലാ ജില്ലകളിലും മതിയായ അളവിൽ ഐസി‌യു കിടക്കകൾ, ആർ‌ടി‌പി‌സി‌ആർ പരിശോധന പരമാവധി വർദ്ധിപ്പിക്കുക,വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രണവിധേയമാക്കുക എന്നീ നിർദ്ദേശങ്ങളും യോഗത്തിലുയർന്നു.