നിയമസഭാ കയ്യാങ്കളി; സര്‍ക്കാരിന് തിരിച്ചടി, പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി !

sivan kutty

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തള്ളി സുപ്രീം കോടതി. ജനപ്രതിനിധികള്‍ക്കുളള നിയമപരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുളള ലൈസന്‍സല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ സുപ്രീംകോടതി തള്ളിയത്.

മന്ത്രി വി ശിവന്‍കുട്ടിയുള്‍പ്പടെ ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടി തെറ്റാണെന്നും, എം എല്‍ എമാരുടെ നടപടികള്‍ ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു, അതിന് ജനപ്രതിനിധികളുടെ പരിരക്ഷ പ്രയോജനപ്പെടുത്താനാവില്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ട, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി പി ഐ അംഗം കെ അജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.