കോളേജുകളിൽ ആരംഭിക്കുന്ന വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് സർക്കാരും ധനസഹായം നൽകും; മന്ത്രി

തിരുവനന്തപുരം: കോളേജുകളിൽ ആരംഭിക്കുന്ന വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ഇനിമുതൽ സർവകലാശാലകൾക്ക് പുറമെ സർക്കാരും ധനസഹായം നൽകും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. വ്യവസായ-അക്കാദമിക ബന്ധം വളരെ ശക്തിയാർജ്ജിക്കുന്ന ഈ കാലത്ത് ഇത്തരം സ്റ്റാർട്ടപ്പ് ക്യാമ്പുകൾ ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. അതിനാൽ ഇന്റേൺഷിപ്പുകൾ കൊടുക്കുന്നതിനൊപ്പം പഠനകാലത്ത് ജോലിയിലേർപ്പെടുന്ന വിദ്യാർത്ഥികൾക്ക് അത് ക്രെഡിറ്റ് ആക്കാനുള്ള സംവിധാനം ഉണ്ടാക്കാൻ സർവ്വകലാശാലകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നൂതനാശയങ്ങൾ സംരഭമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ സ്റ്റാർട്ടപ്പ് സെൽ അവസരമൊരുക്കുമെന്നത് നല്ല തീരുമാനമാണ്. നൂതനാശയങ്ങൾ സംരഭമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മെൻറ്ററിങ്, സംരംഭകത്വ പരിശീലനങ്ങൾ, നെറ്റ്വർക്കിങ് സെഷനുകൾ, ഗ്രൂപ്പ് പാനൽ ചർച്ച, ഐഡിയ പിച്ചിങ്, സ്റ്റാർട്ടപ്പ് മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം തുടർച്ചയായി ലഭ്യമാക്കുന്നത് കേരളത്തിൽ കൂടുതൽ നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.